Wednesday, June 9, 2010

ഒരു ബദല്‍ സ്കൂളിനു തീ കൊളുത്താം; ബദല്‍ എന്ന ആശയത്തിനോ?

 ഒരു പത്രത്തിന്‍റെ ഉള്‍പ്പേജുകളിലൊന്നില്‍  മറഞ്ഞു പോകേണ്ട വാര്‍ത്തയല്ല അധ്യയന വര്‍ഷം  തുടങ്ങിയ അന്ന് തന്നെ കേരളത്തിലെ ഒരു വിദ്യാലയം ആരോ തീ വച്ചു നശിപ്പിച്ചു എന്നത്. വിദ്യാലയം എന്ന് പറയുമ്പോള്‍ സകല സൌകര്യങ്ങളോടും കൂടിയ ഒരു കെട്ടിട സമുച്ചയം എന്നൊന്നും ധരിച്ചേക്കരുത്..പ്രസ്തുത വിദ്യാലയത്തിന്റെ ചിത്രം കണ്ടാല്‍ ഇങ്ങനെയും കേരളത്തില്‍  വിദ്യാലയങ്ങളോ എന്ന് ചിലര്‍ക്കെങ്കിലും സംശയം തോന്നാന്‍ സാധ്യതയുണ്ട്..എന്നാല്‍ സ്കൂളിന്റെ ചിത്രം കാണുക..ഇങ്ങനെയും ഉണ്ട് വിദ്യാലയങ്ങള്‍.. 2010 ഏപ്രിലില്‍  എടുത്ത ചിത്രമാണിത്. കത്തിച്ചാമ്പലായ നിലയില്‍ മനോരമയില്‍ ജൂണ്‍ രണ്ടിന് വന്ന വാര്‍ത്തയും താഴെ കാണാം. ..
                                                                


നിലമ്പൂര് ചാലിയാര്‍ പഞ്ചായത്തിലെ ആഡ്യന്‍ പാറയിലുള്ള  ബദല്‍ സ്കൂള്‍..സമീപം താമസിക്കുന്ന ആദിവാസിക്കുട്ടികള്‍ക്ക് ഏക ആശ്രയം..സര്‍വ ശിക്ഷ അഭിയാന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്നത്. ആ സ്കൂളാണ് ജൂണ്‍ ഒന്നിന് കത്തി ചാമ്പലായത്. അഞ്ച് കുട്ടികള്‍ പഠിക്കുന്ന സ്കൂളിലുണ്ടായിരുന്ന പഠനോപകരണങ്ങള്‍, ഫൈബര്‍ കസേരകള്‍, ബെഞ്ച്‌, സ്റ്റീല്‍ അലമാര, രേഖകള്‍, തയ്യല്‍ മെഷീന്‍, ഉച്ചക്കഞ്ഞിക്കുള്ള പാത്രങ്ങള്‍ എന്നിവ കത്തി നശിച്ചതായി വാര്‍ത്തയില്‍ പറയുന്നു. തര്‍ക്ക സ്ഥലത്താണ് സ്കൂള്‍ നില്‍ക്കുന്നതെന്നും ഡി ടി പി സി യുമായി സഹകരിച്ച് സ്വകാര്യ എക്കോ ടൂറിസം സംരംഭം വരുന്നുണ്ടെന്നും വാര്‍ത്തയില്‍ സൂചിപ്പിക്കുന്നുണ്ട്. തങ്ങളുടെ സ്കൂളിന്റെ അവശിഷ്ടങ്ങള്‍ക്ക് മുന്നില്‍ അവിടുത്തെ ടീച്ചറും കുട്ടികളും നിസ്സഹായരായി നോക്കി നില്‍ക്കുന്ന കാഴ്ച തന്നെയാണ് അധ്യയന വര്‍ഷാരംഭത്തില്‍ കേരളത്തിനേറ്റ ഏറ്റവും വലിയ മുറിവ്‌..എല്ലാ പ്രവേശനോത്സവങ്ങളുടെയും പൊലിമ ഈ കാഴ്ചയില്‍ അവസാനിക്കുന്നു. ഒരു കുട്ടിയുടെ  വിദ്യാഭ്യാസം ഒരു ദിവസത്തേക്ക് പോലും നിഷേധിക്കപ്പെടുന്നുണ്ടെങ്കില്‍ അത് അവന്‍റെ, അവളുടെ അവകാശങ്ങളുടെ ലംഘനമല്ലാതെ  മറ്റെന്താണ്?.. തീ കൊളുതതിയവരാരായാലും മിണ്ടാതിരുന്നു ചൂട്ട് കത്തിച്ചു കൊടുക്കുന്നവരില്‍ നമ്മളും പെടില്ലേ?

ഒരു ബദല്‍ സ്കൂളിനു തീ വയ്ക്കുക എളുപ്പമാണ്; ബദല്‍ എന്ന ആശയത്തെ തന്നെ ഇല്ലാതാക്കാന്‍ ആര്‍ക്കു കഴിയും? ഒന്ന് ചീഞ്ഞാല്‍ മറ്റൊന്നിനു വളമെന്നു പറയും. പഴയ അവസ്ഥയിലും മെച്ചപ്പെട്ട പഠന സൌകര്യങ്ങളുള്ള ഒരു അന്തരീക്ഷം ആ കുട്ടികള്‍ക്ക്  ലഭ്യമാകാന്‍ ഈ സംഭവം തന്നെ ഒരു അവസരമാകട്ടെ.

ആഡ്യന്‍ പാറയിലേക്കുള്ള  ഒരു വിനോദയാത്രയ്ക്കിടയിലാണ് ഈ സ്കൂള്‍ കണ്ടത്.ഒരു പാറക്കെട്ടില്‍. താഴെ ആഡ്യന്‍ പാറ വെള്ളച്ചാട്ടം.ബദല്‍ സ്കൂളെന്നു പേര് കണ്ടപ്പോള്‍ ഇതെന്ത് ബദല്‍ എന്ന് കൌതുകം തോന്നി. വാതില്‍ താഴിട്ട് പൂട്ടിയിരുന്നു.മരപ്പലകകള്‍ക്കിടയിലൂടെ ഒളിഞ്ഞു നോക്കി.ഒരു കുടുസു മുറി. ഒറ്റ നോട്ടത്തില്‍ എന്തെല്ലാമോ വാരി വലിച്ചിട്ടിരിക്കുന്ന പോലെ തോന്നും. പക്ഷെ സൂക്ഷിച്ച് നോക്കിയാല്‍ തെളിഞ്ഞു വരും  ഒരു ക്ലാസ് മുറിയുടെ ചിത്രം..ചാര്‍ട്ടുകള്‍, പുസ്തകങ്ങള്‍ ,പാത്രങ്ങള്‍, ബെഞ്ച്‌..പിന്നെയും എന്തൊക്കെയോ..ഓര്‍മ്മയില്ല..ഓര്‍മ്മയിലുള്ളത് ബോര്‍ഡില്‍ എഴുതി വച്ചിരുന്ന ഒരു കുട്ടിപ്പാട്ടാണ്..ഉറക്കെ ചൊല്ലി നോക്കി. അവിടെയുണ്ടായിരുന്ന മറ്റെന്തിനേക്കാളും അതൊരു  ക്ലാസ്  മുറിയാണെന്ന് തോന്നിപ്പിക്കാന്‍ പോരുന്ന ഒരു പാട്ട്..പാറക്കെട്ടുകളിറങ്ങി താഴെയെത്തി.വേനല്‍. വെള്ളം വളരെ കുറവ്. മഴക്കാലത്ത് പാറക്കെട്ടോളം വെള്ളം നിറയുമെന്നാരോ പറഞ്ഞു. അക്കരെ നിന്നും കുട്ടികള്‍  വെള്ളക്കെട്ട് കടന്ന് എങ്ങനെയെത്തുമെന്നു  മനസിലോര്‍ത്തു. മുകളിലെ സ്കൂളിലേക്ക് നോക്കി.  പെട്ടെന്ന്  അവിടെയിരുന്നു കുട്ടികള്‍ പാടുന്ന ശബ്ദം കേള്‍ക്കുന്ന പോലെ തോന്നി. കാടും മലയും പുഴയും താണ്ടി വരുന്ന പാട്ട്..